പത്തനംതിട്ട: മുൻമന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശമടങ്ങിയ വീഡിയോ സിപിഎം പോലീസിന് കൈമാറിയില്ല. സജി ചെറിയാന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങളില്ലെന്നാണ് പത്തനംതിട്ട മല്ലപ്പള്ളി ഏരിയാ നേതൃത്വത്തിന്റെ നിലപാട്. ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്തിരുന്ന ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തെന്നാണ് നേതൃത്വം നൽകുന്ന വിശദീകരണം. അതേസമയം, ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ദൃശ്യങ്ങൾ വീണ്ടെടുക്കാൻ പോലീസ് ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പ്രസംഗത്തിന്റെ പൂർണരൂപം ആരു തന്നാലും തെളിവായി സ്വീകരിക്കുമെന്ന് അന്വേഷണംസംഘം വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ കയ്യിൽ നിലവിൽ ലഭ്യമായിട്ടുള്ളത് ഏകദേശം ഒന്നരമിനിട്ട് ദൈർഘ്യമുള്ള ദൃശ്യമാണ്. എന്നാൽ, കേസിന്റെ വിചാരണാഘട്ടത്തിൽ കോടതി പ്രധാന തെളിവായി സ്വീകരിക്കാൻ പോകുന്നത് ദൃശ്യങ്ങളുടെ പൂർണരൂപമാണ്. അതിനാലാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ ദൃശ്യങ്ങളുടെ പൂർണരൂപം കണ്ടെടുക്കാൻ അന്വേഷണ സംഘം ശ്രമിക്കുന്നത്.
ഏതെങ്കിലും മലയാള ടെലിവിഷൻ ചാനലുകളിൽ ഈ പ്രസംഗത്തിന്റെ പൂർണരൂപം ഉണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ദൃശ്യങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ, ശബ്ദം സജി ചെറിയാന്റേത് തന്നെയാണോ എന്നീ പ്രധാനപ്പെട്ട രണ്ടു വിവരങ്ങളാണ് ദൃശ്യങ്ങളിൽ നിന്ന് പോലീസിന് വ്യക്തമാകേണ്ടത്.

