കണ്ണൂർ: എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ പിടികൂടാത്ത വിഷയത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോയെന്ന് ഇ പി ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കട്ടവർക്ക് പിടിച്ച് നിൽക്കാനറിയാം എന്ന് നമുക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ആശയപരമായ പ്രതിഷേധമാണ് സിപിഎമ്മിന്റെ രീതി. വിഷയത്തിൽ സാധാരണ ഒരു പൗരൻ എന്ന നിലയിൽ ഉള്ള അന്വേഷണം നടത്തും. കെ സുധാകരന് മറുപടിയില്ല. തനിക്ക് ബോംബുമായി ഒരു പരിചയമില്ല, നിർമ്മിക്കാനും എറിയാനും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് അനുകൂലമായുള്ള മുൻ ഡിജിപി ശ്രീലേഖയുടെ പ്രസ്താവനയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വിഷയം നിയമ വിദഗ്ദർ തന്നെ പരിശോധിക്കും. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യും. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. താൻ ആർക്കെങ്കിലും എതിരായോ അനുകൂലമായോ ഒന്നും പറയുന്നില്ല. പഴയ ഉന്നത ഉദ്യോഗസ്ഥർ ബിജെപിക്ക് വേണ്ടി മത്സരിക്കുന്ന കാലമാണ്. വിരമിച്ചാൽ അവർ വ്യക്തികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

