പ്രതിപക്ഷ നേതാവ് സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത സംഭവം; പുറത്ത് വന്ന ചിത്രം വളരെ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് എം എ ബേബി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എം എ ബേബി. ചർച്ചയുടെ പരിധിയിൽ നിൽക്കുന്ന സംഘടന അല്ല ആർഎസ്എസെന്ന് അദ്ദേഹം പറഞ്ഞു. മതേതര നിലപാട് എടുക്കുന്ന കോൺഗ്രസിലെ നേതാക്കളിൽ ഒരാളായാണ് വി ഡി സതീശനെ കണ്ടിരുന്നതെന്നും എന്നാൽ, പുറത്തുവന്നിട്ടുള്ള ചിത്രങ്ങൾ വളരെയധികം ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വി ഡി സതീശന്റെ പുറത്ത് വന്ന ചിത്രം വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ്. വി ഡി സതീശൻ വിളിക്കുന്ന വേദിയിൽ എല്ലാം ആലോചനയില്ലാതെ പോകുന്നത് ബിജെപിക്ക് സ്വീകാര്യത നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വി ഡി സതീശന്റെ വ്യക്തിപരമായ വഴിതെറ്റൽ ആയല്ല ഇതിനെ കാണുന്നത്. വി ഡി സതീശനും വ്യത്യസ്തനല്ല എന്ന് വ്യക്തമായി. കെ സുധാകരനും വി ഡി സതീശനും തമ്മിലുള്ള സൗഹൃദത്തിന് പിന്നിൽ പ്രത്യയ ശാസ്ത്രപരമായ സമാന മനസ്ഥിതിയും ഒരു ഘടകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആർഎസ്എസിന്റെ വേദിയിൽ പോകരുതെന്ന് സിപിഎം ഉത്തരവൊന്നും നൽകിയിട്ടില്ല. എന്നാൽ പ്രത്യയശാസ്ത്രപരമായ ബോധത്തിന്റെ അടിസ്ഥാനത്തിൽ സ്വയം വിട്ടുനിൽക്കുകയാണ്. കേരളത്തിൽ നിന്നും കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറാതിരിക്കാൻ കാരണം ഇടതുപക്ഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.