കൊവിഡ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ത്ഥിനി പിറ്റേദിവസം മരണപ്പെട്ട സംഭവം; ഹൃദയാഘാതമല്ലെന്ന് റിപ്പോര്‍ട്ട്‌

കോട്ടയം: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് വീട്ടിലെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഛര്‍ദ്ദിയും പനിയും ബാധിച്ച് മരിച്ച സംഭവത്തിലെ മരണകാരണം ഹൃദയാഘാതമല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയഭിത്തികളില്‍ രക്തസ്രാവമുണ്ടായിരുന്നു. വാക്‌സിന്റെ അലര്‍ജി കാണാന്‍ സാധിച്ചില്ല. പതോളജി, കെമിക്കല്‍ റിപ്പോര്‍ട്ട് വന്നേ ശേഷമേ കൂടുതല്‍ വിവരം നല്‍കാന്‍ കഴിയൂവെന്ന് ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ വ്യക്തമാക്കി.

കുമാരനല്ലൂര്‍ എസ്.എച്ച് മൗണ്ട് പുത്തന്‍പറമ്ബില്‍ അനില്‍കുമാര്‍ അജിത ദമ്ബതികളുടെ മകള്‍ ദേവി അനില്‍കുമാര്‍ ശനിയാഴ്ച അതിരമ്ബുഴ പി.എച്ച്.സിയില്‍ നിന്നാണ് വാക്‌സിന്‍ എടുത്തത്. ശേഷം രാത്രിയില്‍ രണ്ട് തവണ ഛര്‍ദ്ദിച്ചു. നേരിയ തോതില്‍ പനിയുമുണ്ടായിരുന്നു. പിറ്റേന്ന് ഉച്ചയോടെ കടുത്ത പനിയും, ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, 174 പേര്‍ക്ക് അതേദിവസം തന്നെ കോര്‍ബീ വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും മറ്റാര്‍ക്കും ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും പി.എച്ച്.സി അധികൃതര്‍ ചൂണ്ടിക്കാട്ടി.