ലൈഫ് മിഷൻ പദ്ധതി റെഡ് ക്രെസന്റിന് നൽകാൻ തീരുമാനിച്ചത് ക്ലിഫ് ഹൗസിൽ നടന്ന യോഗത്തിൽ; വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി റെഡ് ക്രെസന്റിന് നൽകാൻ തീരുമാനിച്ചത് ക്ലിഫ് ഹൗസിൽ നടന്ന യോഗത്തിലാണെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. സെക്രട്ടേറിയറ്റിൽ വച്ചായിരുന്നു എംഒയു ഒപ്പിട്ടതെങ്കിലും തീരുമാനം എടുത്തത് ക്ലിഫ് ഹൗസിൽ വച്ചായിരുന്നുവെന്ന് സ്വപ്‌ന അറിയിച്ചു. ലൈഫ് മിഷൻ ഭവന പദ്ധതിയിൽ നിന്നു കമ്മിഷൻ വാങ്ങാനായി കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങാതെ വിദേശ നിക്ഷേപം കൊണ്ടുവന്ന കേസിൽ സിബിഐയുടെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു സ്വപ്‌ന ഇക്കാര്യം അറിയിച്ചത്.

ക്ലിഫ് ഹൗസിലെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കോൺസൽ ജനറൽ, എം. ശിവശങ്കർ തുടങ്ങിയവർപങ്കെടുത്തിരുന്നു. തന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന് ലഭിച്ച കമ്മീഷൻ പണമായിരുന്നു. പതിനെട്ടര കോടി രൂപയുടെ ഭവന നിർമാണ പദ്ധതിയിൽ നാലരക്കോടി രൂപയുടെ കമ്മീഷൻ ഇടപാടാണ് നടന്നത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കും. തനിക്ക് ഒന്നും മറച്ചുവെയ്ക്കാനില്ല. സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും സ്വപ്ന വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം രാവിലെയാണ് സ്വപന ചോദ്യം ചെയ്യലിനായി സിബിഐ ഓഫീസിലെത്തിയത്. വടക്കാഞ്ചേരി ലൈഫ്മിഷൻ പദ്ധതിയിലെ കമ്മിഷൻ ഇടപാട്, ഉദ്യോഗസ്ഥ- രാഷ്ട്രീയ-ഭരണതലത്തിലുള്ള അഴിമതി, ഫോറിൻ കോൺഡ്രിബ്യൂഷൻ ആക്ടിന്റെ ലംഘനം തുടങ്ങിയവയിലാണ് അന്വേഷണം നടക്കുന്നത്.