കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒരു മുന്നണി പോലെ പ്രവർത്തിക്കുന്നു; വിമർശനവുമായി പി രാജീവ്

മലപ്പുറം: ബിജെപിയ്ക്കും കോൺഗ്രസിനുമെതിരെ വിമർശനവുമായി മന്ത്രി പി രാജീവ്. കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒരു മുന്നണി പോലെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ അക്രമിക്കുന്നതിൽ ഇരുവർക്കും ഒരേ മനസാണ്. കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്ക് ബദലാകാൻ കേരളത്തിലെ കോൺഗ്രസിന് കഴിയുന്നില്ലെന്നും പി രാജീവ് കുറ്റപ്പെടുത്തി. കേരളത്തിന്റെ വികസനം അട്ടിമറിക്കാനും അരാജകത്വം സൃഷ്ടിക്കാനും ഒരേ മനസ്സാണ് ഇരു പാർട്ടികൾക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിജെപിയും പലപ്പോഴും പരസ്പര ധാരണയോടെയാണ് മത്സരിച്ചത്. വടകര, ബേപ്പൂർ മോഡലുകൾ ആവർത്തിക്കുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും ഈ സഹകരണം കണ്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി വോട്ട് കോൺഗ്രസിന് കിട്ടിയെന്ന് ഇരു കൂട്ടരും സമ്മതിച്ചു. പരസ്പര സഹകരണത്തിന്റെ തെളിവുകളാണ് നേതാക്കളുടെ ആർ എസ് എസ് ബന്ധം സംബന്ധിച്ച തെളിവുകൾ പുറത്ത് വരുന്നതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.