ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് ഇന്ന് ബലിപെരുന്നാള്‍. ബക്രീദ് എന്നും വലിയ പെരുന്നാള്‍ എന്നും ബലിപെരുന്നാള്‍ അറിയപ്പെടുന്നു. ആത്മത്യാഗത്തിന്റെ സന്ദേശം പകര്‍ന്ന് സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവകല്പന ശിരസാവഹിച്ച പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയാണ് ബലിപെരുന്നാള്‍.

എല്ലാ ജമാഅത്തുകളുടേയും ആഭിമുഖ്യത്തില്‍ രാവിലെ പെരുന്നാള്‍ നമസ്‌കാരം നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലടക്കം നമസ്‌കാരം നടന്നു. കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി പെരുന്നാളാഘോഷം വിപുലമായി നടത്താന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഇത്തവണ വിശ്വാസികള്‍ പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേരും. തക്ബീറുകള്‍ ചൊല്ലി പ്രാര്‍ത്ഥനകളില്‍ വിശ്വാസികള്‍ സജീവമാകും. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ കൂട്ടായും ഒറ്റയ്ക്കും ബലികര്‍മങ്ങളില്‍ ഏര്‍പ്പെടും.

അതേസമയം, പെരുന്നാളാഘോഷിക്കുന്ന വിശ്വാസികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനമാണ് ബലിപെരുന്നാളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരും ആശംസകള്‍ നേര്‍ന്നു.