ശ്രീലങ്കയില്‍ താല്‍ക്കാലിക പ്രസിഡന്റായി സ്പീക്കര്‍; പുതിയ പ്രസിഡന്റ് ഒരു മാസത്തിന് ശേഷം

കൊളംബോ: ശ്രീലങ്കയില്‍ ഒരുമാസത്തിന് ശേഷം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. അതുവരെ സ്പീക്കര്‍ മഹിന്ദ അബേയ്‌വര്‍ധനേ താല്‍ക്കാലിക പ്രസിഡന്റാകും. പാര്‍ലമെന്റ് സമ്മേളനം വെള്ളിയാഴ്ച്ച ചേര്‍ന്നേക്കുമെന്നാണ് സൂചന.

അതേസമയം, പ്രക്ഷോഭം തുടരുകയും രാജിവെച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ വീടിന് തീയിടുകയും ചെയ്തതിന് പിന്നാലെ നിലവിലെ പ്രസിഡന്റ് ഗോത്തബയ രജപക്‌സെ രാജിസന്നദ്ധത ഇന്നലെ അറിയിച്ചിരുന്നു. കലാപം തുടരുന്ന ലങ്കയില്‍ പ്രക്ഷോഭകരോട് പിരിഞ്ഞു പോകാന്‍ സംയുക്ത സൈനിക മേധാവി അഭ്യര്‍ത്ഥിച്ചു. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്ന് ജനറല്‍ ഷാവേന്ദ്ര സില്‍വ പറഞ്ഞു.

എന്നാല്‍, ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നങ്ങളില്‍ തല്‍ക്കാലം ഇടപെടേണ്ടെന്നാണ് ഇന്ത്യയുടെ തീരുമാനം.