ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ വ്യോമാതിർത്തിക്ക് സമീപം ചൈനീസ് യുദ്ധവിമാനമെത്തിയ വിഷയത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. ഇനി ഇക്കാര്യം ആവർത്തിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന സൂചനയാണ് ഇന്ത്യ ചൈനയ്ക്ക് നൽകിയത്. ജൂൺ അവസാനമാണ് കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ മേഖലയ്ക്കു സമീപം വരെ യുദ്ധവിമാനമെത്തിയത്.
അതിർത്തി സംഘർഷത്തെ തുടർന്ന് ചൈന 25 മുൻനിര ഫൈറ്റർ ജെറ്റുകൾ നിയന്ത്രണരേഖയ്ക്കു സമീപത്തെ അവരുടെ താവളങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. ഇവയിലൊന്നാണ് ഇന്ത്യൻ വ്യോമാതിർത്തിയ്ക്ക് സമീപം എത്തിയതെന്നാണ് വിവരം. മേഖലയിൽ ഇന്ത്യൻ സൈന്യംനിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ലഡാക്കിലും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, കിഴക്കൻ ലഡാക്ക് അതിർത്തി പ്രദേശങ്ങളിൽ പ്രതിരോധ മേഖലയിലെ ശക്തി പ്രകടനങ്ങൾ ചൈന നടത്തുന്നുണ്ടായിരുന്നു. ചൈനയുടെ ഫൈറ്റർ ജെറ്റുകളും എസ്-400 അടക്കം വ്യോമ പ്രതിരോധ ആയുധങ്ങളും ഉൾപ്പെടെ ഉപയോഗിച്ചാണ് ചൈനയുടെ ശക്തിപ്രകടനം. അതിർത്തി പ്രദേശത്ത് ചൈന നിർമ്മാണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ചൈനയ്ക്കെതിരെ നാവിക നീരീക്ഷണം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം.

