ഗോള്‍വള്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശം; വി.ഡി സതീശനെതിരെ നിയമ നടപടിക്കൊരുങ്ങി ആര്‍എസ്എസ്‌

ആര്‍എസ്എസിന്റെ സ്ഥാപക ആചാര്യനായ ഗോള്‍വള്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ സതീശനെതിരെ ആര്‍എസ്എസ് നിയമ നടപടിക്കൊരുങ്ങുന്നു. മുന്‍ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം എം.എസ്.ഗോള്‍വാള്‍ക്കറിന്റെ വിചാരധാരയില്‍ ഉണ്ടെന്നായിരുന്നു വി.ഡി.സതീശന്റെ പരാമര്‍ശം. പ്രസ്താവനയില്‍ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് വി.ഡി.സതീശന് നോട്ടീസ് നല്‍കിയെങ്കിലും അവജ്ഞയോടെ തള്ളുന്നുവെന്നായിരുന്നു സതീശന്റെ പ്രതികരണം. പ്രതിപക്ഷ നേതാവിന് വൈകാതെ വക്കീല്‍ നോട്ടീസ് അയക്കും.

അതേസമയം, ‘ആര്‍എസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാം അയച്ച നോട്ടീസ് വിചിത്രമാണ്. ആര്‍എസ്എസിന്റെ ഭരണഘടനയോടുള്ള സമീപനമാണ് ഗോള്‍വാള്‍ക്കര്‍ പറഞ്ഞിരിക്കുന്നത്. സജി ചെറിയാനും ഇതു തന്നെയാണ് പറഞ്ഞത്. വിചാരധാരയില്‍ പറഞ്ഞിരിക്കുന്നതും സജി ചെറിയാന്റെ പരാമര്‍ശവും ഒന്നുതന്നെയാണ്. വിചാരധാരയിലെ 350-ാം പേജിലാണ് ഇത് സൂചിപ്പിക്കുന്നത്’- എന്ന് സതീശന്‍ പറഞ്ഞിരുന്നു.

എന്നാല്‍, പ്രസ്താവന തിരുത്തി 24 മണിക്കൂറിനകം മാപ്പ് പറയാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഇന്നലെ നോട്ടീസ് അയച്ചിരുന്നു. ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന പുസ്തകത്തിലെ വാചകങ്ങളാണ് സജി ചെറിയാന്‍ കടമെടുത്തതെന്നായിരുന്നു വി.ഡി.സതീശന്റെ ആക്ഷേപം. ആര്‍എസ്എസ് പ്രാന്ത സംഘചാലക് കെ.കെ. ബലറാമാണ് സതീശന് നോട്ടീസ് അയച്ചത്.