കെ-ഫോണ്‍: കോഴിക്കോട് ജില്ലയിലെ 500 ഓഫീസുകളില്‍ ആദ്യഘട്ടം പൂര്‍ത്തിയായി

കോഴിക്കോട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയുടെ ആദ്യഘട്ടം കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങി 500 ഓഫീസുകളിലേക്ക് കണക്ഷന്‍ നല്‍കി. ഇതില്‍ 50 ശതമാനം ഓഫീസുകളിലും സേവനം തുടങ്ങി. മറ്റുള്ളയിടങ്ങളില്‍ പരിശോധന പുരോഗമിക്കുകയാണ്.

അതേസമയം, അതിവേഗ ഇന്റര്‍നെറ്റും മെയിന്റനന്‍സും നല്‍കുന്ന ‘ഗോ ലൈവ്’ സംവിധാനത്തിലേക്ക് രണ്ടാഴ്ചക്കകം മാറും. 1000 എംബിപിഎസ് വേഗമായിരിക്കും ആദ്യഘട്ടത്തില്‍. കെഎസ്ഇബിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഭെല്ലിനാണ് നിര്‍മാണച്ചുമതല. ആദ്യഘട്ടത്തില്‍ 780 കിലോമീറ്റര്‍ കേബിള്‍ വലിച്ചു. ചേവായൂരിലെ കോര്‍പോപ്പും(ഇന്റര്‍ കണക്ഷന്‍ നല്‍കുന്ന പ്രധാന കേന്ദ്രം) കിനാലൂര്‍, മേപ്പയ്യൂര്‍, ചക്കിട്ടപാറ, കൊടുവള്ളി, കൊയിലാണ്ടി എന്നിവിടങ്ങളിലെ അഗ്രിഗേഷന്‍ പോപ്പും (ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന ഉപകേന്ദ്രം) ഉള്‍പ്പെടുന്ന ഇടങ്ങളില്‍ കേബിള്‍ ശൃംഖല പൂര്‍ത്തിയായി.

ഇതിന് കീഴിലെ ഓഫീസുകളിലാണ് നിലവില്‍ കണക്ഷന്‍ ലഭിച്ചത്. രണ്ടാം ഘട്ടത്തില്‍ 2100 കിലോമീറ്റര്‍ കേബിള്‍ വലിക്കാനുണ്ട്. ഇതില്‍ 1200 കിലോമീറ്റര്‍ പൂര്‍ത്തിയായി.