അമർനാഥിലെ മേഘവിസ്ഫോടനം; മരിച്ചവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

കശ്മീർ: ജമ്മുകശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 15 പേരാണ് മേഘവിസ്‌ഫോടനത്തിൽ മരിച്ചത്. 40 ഓളം പേരെ കാണാതായി. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിനായി സാധ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ക്ഷേത്രത്തിൽ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്‌ഫോടനവും പ്രളയവും ഉണ്ടായത്. 3 ഭക്ഷണശാലകളും 25 ടെന്റുകളും പ്രളയത്തിൽ തകർന്നു. സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിൽ മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്.