എളമരം കരീമിന്റെ യോഗ്യത എന്തെന്ന് കോഴിക്കോട്ടുകാര്‍ക്ക് അറിയാം; പി.ടി ഉഷ രാജ്യത്തിന്റെ അഭിമാനമെന്നും കെ. സുരേന്ദ്രന്‍

പി.ടി ഉഷയെ അവഹേളിച്ച് സംസാരിച്ച എളമരം കരീം എം.പിക്കെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

‘പിടി ഉഷയുടെ യോഗ്യത അളക്കാന്‍ ശ്രമിച്ചത് വഴി രാജ്യത്തിന്റെ കായികമേഖലയെയും രാജ്യത്തിന്റെ അഭിമാനത്തേയുമാണ് എളമരം കരീം എംപി അപമാനിച്ചത്. രാജ്യത്തിന്റെ ഭരണഘടനയേയും ദേശീയ ഹീറോകളെയും അപമാനിക്കുന്നത് സിപിഐഎം നേതാക്കള്‍ പതിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ സിപിഐഎം എംഎല്‍എ അംബേദ്ക്കറിനെ അപമാനിച്ചത് കേരളം കണ്ടതാണ്. ചങ്കില്‍ ചൈനയെ കൊണ്ട് നടക്കുന്നത് കൊണ്ടാണ് സിപിഐഎം നേതാക്കള്‍ ഇങ്ങനെ സ്വയം അപഹാസ്യരായി മാറുന്നത്. എളമരം കരീമിന്റെ യോഗ്യത എന്താണെന്ന് കോഴിക്കോട്ടുകാര്‍ക്ക് വ്യക്തമായി അറിയാം. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പിടി ഉഷ ഭാരതത്തിന് നല്‍കുന്ന സംഭാവന വിലപ്പെട്ടതാണ്. പല അന്താരാഷ്ട്ര മത്സര വേദികളിലും ഇന്ത്യന്‍ ദേശീയപതാക വിജയക്കൊടിയായി പറിച്ച രാജ്യത്തിന്റെ അഭിമാനമാണ് അവര്‍. രാജ്യത്തിന് വേണ്ടി ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ച പി.ടി ഉഷയുടെ രാജ്യസഭാംഗത്വത്തെ അവഹേളിക്കാന്‍ രാജ്യദ്രോഹികള്‍ക്ക് മാത്രമേ കഴിയൂ. കേവലം സങ്കുചിത രാഷ്ട്രീയത്തിന്റെ പേരില്‍ കായിക പ്രതിഭയെ അപമാനിക്കുന്നത് ഒരു ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന് കരീം മനസിലാക്കണം’- സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.