ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രഭാത ഭക്ഷണം. മനുഷ്യന് ഒരുദിവസം വേണ്ട മുഴുവൻ ഊജ്ജവും പ്രദാനം ചെയ്യുന്നത് പ്രഭാത ഭക്ഷണമാണ്. അതിനാൽ തന്നെ ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കാൻ പാടില്ല. നല്ല പോഷക സമ്പന്നമായ ആഹാരം വേണം പ്രാതലായി കഴിക്കേണ്ടത്. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും
പ്രഭാത ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാനും തലച്ചോറിനെ ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നതിലൂടെ പ്രതിരോധ ശേഷി മെച്ചപ്പെടുകയും ചെയ്യും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ പ്രഭാത ഭക്ഷണമായി കഴിക്കേണ്ട ആഹാരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ആരോഗ്യത്തിന് വളരെ ഉത്തമമാണ് നട്‌സ്. സാൻഡ്വിച്ച്, പാൻകേക്ക്, സ്മൂത്തി എന്നിവയിൽ നട്‌സ് ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ആരോഗ്യം സംരക്ഷിക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും.
രാവിലെ ചായക്കൊപ്പം ഇഞ്ചി, ഗ്രാമ്പൂ, പെരുംജീരകം, ഏലം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതും നല്ലതാണ്. ഇത് പ്രതിരോധശേഷി ഉയർത്തും. മികച്ച ആന്റി ഓക്‌സിഡന്റാണ് മഞ്ഞൾ. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. പാൽ, സ്മൂത്തി എന്നിവയിൽ മഞ്ഞൾ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.
തൈരോ പാലോ ഉപയോഗിച്ചും പഴങ്ങൾ ഉപയോഗിച്ചും സ്മൂത്തികൾ കഴിക്കുന്നതും പ്രയോജനപ്രദമാണ് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ ഇത് സഹായിക്കും. പ്രോട്ടീന്റെ പ്രധാന ഉറവിടമായ മുട്ട, പനീർ, ചെറുപയർ, പാൽ എന്നിവയും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

