ബഫർ സോൺ; ജനവാസ മേഖലകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കി

തിരുവനന്തപുരം: സംരക്ഷിത വനമേഖലയുടെ ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോൺ ആയി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കി കേരളം. വിഷയത്തിൽ നിയമ നടപടി വേണമെന്നും ആവശ്യമെങ്കിൽ നിയമ നിർമ്മാണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കേരളം നിയമസഭയിൽ പ്രമേയം പാസാക്കിയത്.

ഭൂ വിസ്തൃതി വളരെ കുറഞ്ഞ പ്രദേശമാണ് കേരളം. സംസ്ഥാനത്ത് 30 ശതമാനം വനമേഖലയാണ്. 40 ശതമാനത്തോളം പരിസ്ഥിതി പ്രാധാന്യമുള്ള മറ്റ് പ്രദേശങ്ങളുമുണ്ട്. വന മേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോണാക്കിയാൽ കേരളത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും ജന ജീവിതം ദുസ്സഹമാകുമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ജനവാസ കേന്ദ്രങ്ങളെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

വനം മന്ത്രി എകെ ശശീന്ദ്രനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. വിധി കേരളത്തിന് വലിയ തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ നിയമസഹായം നൽകാനും ആവശ്യമെങ്കിൽ നിയമ നിർമ്മാണത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പ്രമേയത്തിൽ പറയുന്നു. അതേസമയം, ജനവാസ മേഖലയടക്കം ഒരു കിലോമീറ്റർ ബഫർ സോണാക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം പ്രമേയത്തിന് തിരിച്ചടിയാകില്ലേയെന്നാണ് പ്രതിപക്ഷം പ്രകടിപ്പിക്കുന്ന ആശങ്ക.

31/10/2019 ലെ മന്ത്രിസഭായോഗ തീരുമാനം റദ്ദാക്കാൻ നടപടി വേണമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യം. ഇതനുസരിച്ച് വനമേഖലയോട് ചേർന്ന് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെയുള്ള പ്രദേശം സംരക്ഷിത മേഖലയാണ്. സുപ്രീംകോടതി വിധിക്കെതിരായ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ ഈ തീരുമാനം ചോദ്യം ചെയ്യപ്പെടും.