സ്വർണ്ണക്കടത്ത് കേസ്; എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിൽ സഹകരിക്കാതെ ഷാജ് കിരൺ, ഫോൺ രേഖകൾ നശിപ്പിച്ചതായി സംശയം

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിൽ സഹകരിക്കാതെ ഷാജ് കിരൺ. സ്വർണക്കടത്ത് കേസിൽ അവിഹിതമായ ഇടപെടൽ നടത്തിയ ഷാജ് കിരണും സുഹൃത്ത് ഇബ്രായിയും നിർണായക മൊബൈൽ ഫോൺ രേഖകൾ നശിപ്പിച്ചെന്നാണ് സംശയിക്കപ്പെടുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഇവരുടെ മൊബൈൽ ഫോൺ ആവശ്യപ്പെട്ടെങ്കിലും ക്രൈംബ്രാഞ്ചിന് സമർപ്പിച്ചിരിക്കുകയാണെന്നാണ് ഇരുവരും വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിൽ നിന്നുള്ള രസീത് ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഷാജ് കിരണും ഇബ്രായിയും പരിശീലനം ലഭിച്ചതുപോലെയാണ് ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുന്നതെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ഒരാഴ്ചയ്ക്കുശേഷം ഇരുവരെയും വീണ്ടും ചോദ്യംചെയ്യുമെന്നും എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.

സ്വർണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാനെന്ന രീതിയിൽ സ്വപ്നയുമായി നടത്തിയ സംഭാഷണം വിവാദമായതിനെത്തുടർന്ന് കേരളത്തിന് പുറത്തേക്ക് ഇരുവരും യാത്ര ചെയ്തത് ഫോൺരേഖകൾ തിരിച്ചെടുക്കാനാകാത്ത വിധം നശിപ്പിക്കാനാണെന്നും ഇഡി സംശയിക്കുന്നു. അതേസമയം, സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനക്കേസിൽ ഷാജ് കിരണിനെ പോലീസ് അന്വേഷണസംഘം മാപ്പുസാക്ഷിയാക്കിയേക്കുമെന്നാണ് വിവരം. കേസിന് ബലം നൽകാൻ ഷാജ് കിരണിന്റെ രഹസ്യമൊഴി കോടതിയിൽ സമർപ്പിക്കാനും സാധ്യതയുണ്ട്.