ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാം തൂക്കം വരുന്ന സിലിണ്ടറുകള്‍ക്ക് 50 രൂപയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ 14.2 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന് 1060.50 രൂപയായി. ഡല്‍ഹിയില്‍ വില 1053 രൂപയാണ്. മുംബൈയില്‍ ഇത് 1052.50 രൂപയാണ്.
എന്നാല്‍ വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം എല്‍പിജി സിലിണ്ടറുകളുടെ തുകയില്‍ 8.50 രൂപയുടെ കുറവുണ്ട്. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് ഇപ്പോള്‍ 2012.50 രൂപയാണ് വില. അഞ്ചു കിലോഗ്രാം തൂക്കം വരുന്ന പ്രാദേശിക സിലിണ്ടറിന് ഇതോടെ 18 രൂപയാണ് വര്‍ധിച്ചത്.
അതേസമയം, മെയ് മാസത്തിനു ശേഷം ആദ്യമായാണ് ഗാര്‍ഹിക സിലിണ്ടറുകളുടെ വില വര്‍ധിക്കുന്നത്. പ്രധാന മന്ത്രി ഉജ്ജ്വല യോജനയുടെ ഭാഗമല്ലാത്ത സിലിണ്ടറുകള്‍ക്കാണ് വില വര്‍ധന ബാധകമാവുന്നത്. 2020 ല്‍ ഉജ്ജ്വല പദ്ധതിയുടെ ഭാഗമായ ഗുണഭോക്താക്കള്‍ക്കു മാത്രമായി സര്‍ക്കാര്‍ സബ്സിഡി പരിമിതപ്പെടുത്തിയതിനാലാണ് ഇത്. ഈ പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം പരമാവധി 12 സിലിണ്ടറുകള്‍ക്കു വരെയാണ് സബ്സിഡി ലഭ്യമാവുന്നത്. ജൂലൈ ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് ഒന്നിന് 198 രൂപ കുറച്ചിരുന്നു.

