തിരുവനന്തപുരം: മല്ലപ്പള്ളിയിലെ പാര്‍ട്ടി പരിപാടിയില്‍ സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരായ പരാതിയില്‍ കീഴ്വായ്പൂര്‍ പോലീസ് കേസെടുത്തു. കോടതി നിര്‍ദേശിച്ച് 24 മണിക്കൂറിനുള്ളില്‍ കേസടുക്കണമെന്നതിനാലാണ് പോലീസ് ഇന്ന് തന്നെ നടപടിയിലേക്ക് കടന്നത്. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു നടപടി.
അതേസമയം, സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. പകരം മന്ത്രി തത്കാലം വേണ്ടെന്നാണ് നിലവിലെ ചര്‍ച്ചകള്‍. മന്ത്രി രാജി വെച്ചതോടെ സജി ചെറിയാന്റെ വകുപ്പുകള്‍ നിലവില്‍ മുഖ്യമന്ത്രിക്കാണ് കൈമാറിയത്. ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്നും രാജി വെച്ച ഇ പി ജയരാജന്‍ പിന്നീട് മടങ്ങി വന്ന പോലെ കേസുകള്‍ തീരുന്ന മുറക്ക് സജിയെയും മടക്കി കൊണ്ട് വരാന്‍ ആലോചന ഉണ്ട്.

