തിരുവനന്തപുരം: സജി ചെറിയാനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ച് കോടതി. ഭരണഘടന വിരുദ്ധമായ പരാമർശം നടത്തിയതിനാണ് സജി ചെറിയാനെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചത്. തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് സജി ചെറിയാനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകിയത്. കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയലാണ് സജി ചെറിയാനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.
വെള്ളിയാഴ്ച കേസ് പരിഗണിക്കുമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന നിർദ്ദേശം. എന്നാൽ, ഇന്ന് കേസെടുക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. ഭരണഘടനാ വിരുദ്ധ പരാമർശം വലിയ വിവാദമായിട്ടും സജി ചെറിയാനെതിരെ പോലീസ് കേസെടുക്കാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. സജി ചെറിയാനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിപക്ഷ പാർട്ടികൾ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ എവിടെയും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.
ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ വിവാദത്തിലായതിന് പിന്നാലെയാണ് സജി ചെറിയാൻ രാജിവെച്ചത്. വൈകിട്ട് അഞ്ച് മണിയോടെ സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി.
സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിർത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമർശം നടത്തിയ മന്ത്രിക്കെതിരെ കർശന നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാടെടുക്കുകയായിരുന്നു. മന്ത്രിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ അതു സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാമെന്നാണ് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. ഇത് കൂടി കണക്കിലെടുത്തായിരുന്നു സിപിഎമ്മിന്റെ തീരുമാനം.

