പി.ടി ഉഷയും ഇളയരാജയും ഉൾപ്പെടെ നാലു പ്രമുഖരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു

ന്യൂഡൽഹി: അത്‌ലറ്റ് പി.ടി ഉഷ ഉൾപ്പെടെ നാലുപേരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. സംഗീത സംവിധായകൻ ഇളയരാജ, കർണാടകയിലെ ധർമ്മസ്ഥല ക്ഷേത്രം പരമ്പരാഗത ധർമ്മാധികാരി വീരേന്ദ്ര ഹെഡ്ഡേ, സംവിധായകനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് തുടങ്ങിയവരാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റുള്ളവർ.

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യക്കാർക്കെല്ലാം പ്രചോദനമാണ് പി.ടി ഉഷയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കായികലോകത്തെ പി.ടി ഉഷയുടെ നേട്ടങ്ങളും പുതിയ തലമുറയെ വാർത്തെടുക്കാൻ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനാർഹമാണെന്നും അദ്ദേഹം അറിയിച്ചു.

തലമുറകളെ തന്റെ വിസ്മയകരമായ സംഗീതംകൊണ്ട് അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് ഇളയരാജയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പലതരം വികാരങ്ങളെ ഇളയരാജയുടെ സംഗീതം മനോഹരമായി പ്രതിഫലിപ്പിക്കുന്നു. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 2014 ലെ പത്മവിഭൂഷൺ ജേതാവാണ് വീരേന്ദ്ര ഹെഡ്ഡേ. ജൈനമതത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ധർമ്മസ്ഥലയുടെ ധർമ്മാധികാരി സ്ഥാനം പരമ്പരാഗതമായി വഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം.

പ്രശസ്ത സംവിധായകൻ എസ്.എസ് രാജമൗലിയുടെ പിതാവാണ് വി വിജയേന്ദ്ര പ്രസാദ്. ബാഹുബലി, ബാഹുബലി 2, ബജ്രംഗി ഭായ്ജാൻ, ആർആർആർ, തലൈവി തുടങ്ങിയവ ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് അദ്ദേഹം. നാലോളം ചിത്രങ്ങൾക്ക് അദ്ദേഹം സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.