സജി ചെറിയാൻ രാജി വെച്ചില്ലെങ്കിൽ ഗവർണറെ സമീപിക്കും; സജി ചെറിയാനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭരണഘടനയെ അവഹേളിച്ച ഫിഷറീസ് സഹകരണ വകുപ്പ് മന്ത്രി സജി ചെറിയാൻ രാജി വെച്ചില്ലെങ്കിൽ ഗവർണറെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ഗവർണറുമാണെന്നും ഭരണഘടനയെ അവഹേളിച്ചതിന് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ലെന്നും സർക്കാരിന് വിഷയത്തിൽ മറുപടിയില്ലെന്നും അദ്ദേഹം വിമർശിച്ചു. ഇപ്പോൾ മന്ത്രിസ്ഥാനം രാജിവെച്ച് ആർഎസ്എസിൽ ചേർന്നാൽ സജി ചെറിയാന് കേന്ദ്രമന്ത്രി സ്ഥാനം കിട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയെ അപമാനിക്കുകയും ഭരണഘടനാ ശിൽപികളെ അവഹേളിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് പോലും അനുവദിച്ചില്ല. ഏകാധിപത്യ നിലപാടുകൾക്ക് മുന്നിൽ പ്രതിപക്ഷം കീഴടങ്ങില്ല. മന്ത്രി സജി ചെറിയാൻ രാജിവയ്ക്കും വരെ പ്രതിപക്ഷം പോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭരണകക്ഷി നേതാക്കൾ മനഃപൂർവ്വം സീറ്റിൽ നിന്ന് ഇറങ്ങിവന്ന് ബഹളമുണ്ടാക്കി പ്രകോപനമുണ്ടാക്കി. ചോദ്യോത്തരവേളയിൽ മുദ്രാവാക്യം വിളിക്കുന്നത് ആദ്യ സംഭവമല്ല. ആദ്യമായാണ് ചോദ്യോത്തരവേളയും സീറോ ഹവറും സ്പീക്കർ റദ്ദ് ചെയ്തത്. സ്പീക്കർ ഭരണപക്ഷത്തിന് കുട പിടിച്ചു കൊടുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണപക്ഷത്തിന് വേണ്ടി മാത്രം സഭാ ടിവി വേണമോ എന്ന കാര്യം ആലോചിക്കണം. കാര്യങ്ങൾ വളരെ വ്യക്തമാണ്. പൊതുജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് സാധിക്കില്ല. മന്ത്രി രാജി വെക്കാതെ പിന്നോട്ടില്ല. ഇത് തന്നെയാണ് എല്ലാവരുടേയും ആവശ്യം. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത, ഭരണഘടനയോട് കൂറും വിശ്വസ്തതയും പുലർത്തുമെന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി അധികാരത്തിലിരിക്കാൻ അർഹനല്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.