തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളടക്കം പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ‘മെഡിസെപ്പ്’ സംവിധാനം പൂര്‍ണ സജ്ജമാകാത്തതടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന നിലപാട് വ്യക്തമാക്കി പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകള്‍. സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ‘മെഡിസെപ്പ്’.
അതേസമയം, പദ്ധതി എങ്ങനെ മുന്നോട്ട് പോകണമെന്നതില്‍ വ്യക്തമായ നിര്‍ദേശം കിട്ടാന്‍ കാത്തിരിക്കുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഡിഎംഇയുമായി കൂടക്കാഴ്ച്ചയ്ക്ക് ശേഷം വ്യക്തത വരുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ഉത്തരവല്ലാതെ, വ്യക്തമായ മാര്‍ഗനിര്‍ദേശമോ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നുള്ള നിര്‍ദേശമോ കിട്ടിയിട്ടില്ല. മെഡിസെപ്പിനായി വിന്യസിക്കേണ്ട ജീവനക്കാരുടെ കാര്യത്തിലും തടസ്സങ്ങളുണ്ട്. തിരുവനന്തപുരം ആര്‍സിസിയില്‍ എല്ലാം പ്രവര്‍ത്തന സജ്ജമായെന്ന് പറയുന്നു.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും പദ്ധതി പൂര്‍ണസജ്ജമാകാന്‍ സമയമെടുക്കുമെന്നാണ് സൂചന. പദ്ധതി ഔദ്യോഗികമായി തുടങ്ങുന്ന ദിവസം മുതല്‍ ചികിത്സ ലഭിക്കണമെന്നിരിക്കെ ഇത് വൈകുന്നതില്‍ പ്രതിപക്ഷ സംഘടകള്‍ പ്രതിഷേധത്തിലാണ്. പദ്ധതി ആരംഭിച്ചിട്ടും ഏഴായിരത്തോളം ജീവനക്കാരുടെയും 23,000 പെന്‍ഷന്‍കാരുടെയും വെരിഫിക്കേഷന് പൂര്‍ത്തിയായിരുന്നില്ല. ഇത് ഇപ്പോഴും തുടരുന്നു. എന്നാല്‍, എല്ലാവരുടെയും തുക ശമ്പളത്തില്‍ നിന്നും പിടിക്കുന്നുണ്ട്. വമ്പന്‍ പദ്ധതിയായതിനാല്‍ ചില പ്രശ്നങ്ങള്‍ തുടക്കത്തില്‍ സ്വാഭാവികമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇവ 2 മാസത്തിനുള്ളില്‍ പരിഹരിക്കും. നിലവില്‍ ആരെയും പദ്ധതിയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കാനും ആലോചിക്കുന്നില്ല.

