അങ്കണവാടികളിലും സ്‌കൂളുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ പോഷകനിലവാരം ഉറപ്പാക്കണം; ശുപാർശ നൽകി കേന്ദ്ര മന്ത്രിതല സമിതി

ന്യൂഡൽഹി: അങ്കണവാടികളിലും സ്‌കൂളുകളിലും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ പോഷകനിലവാരം ഉറപ്പാക്കണമെന്ന് ശുപാർശ ചെയ്ത് കേന്ദ്ര മന്ത്രിതല സമിതി. മാംസ്യസമ്പുഷ്ടമായ മുട്ട, പരിപ്പ്, പയർവർഗങ്ങൾ എന്നിവയും കാത്സ്യം, ഇരുമ്പ് തുടങ്ങിയ ചെറു പോഷകഘടകങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ശുപാർശ.

രാജ്യത്തെ 13 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവിൽ ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചെലവ് അതാത് സംസ്ഥാനങ്ങളാണ് വഹിക്കുന്നത്.

അതേസമയം, എല്ലാവിഭാഗം ഗുണഭോക്താക്കൾക്കും ആവശ്യമായ ചെറു പോഷകഘടകങ്ങളുടെ അളവും വിവിധ ഭക്ഷണ പദാർത്ഥങ്ങളുടെ കിലോ കലോറി, മാംസ്യം എന്നിവയുടെ അളവും ശുപാർശയിൽ വ്യക്തമാക്കിയിട്ടുണ്ട്. മുട്ട കഴിക്കാത്തവർക്ക് നിർദിഷ്ട അളവിന്റെ ഇരട്ടി ധാന്യങ്ങളും നൽകണം. ലോവർ പ്രൈമറി ക്ലാസുകളിലെ ഒരു കുട്ടിക്ക് പാലും പഴങ്ങളും ഒഴികെ 9.6 രൂപയുടെ ഭക്ഷണം നൽകണം. അപ്പർ പ്രൈമറിയിൽ 12.1 രൂപയും ഒരു കുട്ടിക്ക് അനുവദിക്കണമെന്ന് ശുപാർശയിൽ വ്യക്തമാക്കുന്നുണ്ട്.