‘കടുവ’ തിയേറ്ററുകളിലേക്ക്‌

പൃഥ്വിരാജ് ചിത്രം കടുവ തിയേറ്ററുകളിലേക്ക്. ചിത്രം റിലീസ് ചെയ്യുന്നതിനുള്ള നിയമ തടസ്സങ്ങള്‍ ഒഴിഞ്ഞു. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കേഷന്‍ ആണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഈ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. റിലീസ് തീയതിയില്‍ അന്തിമ തീരുമാനമായതോടെ അഡ്വാന്‍സ് റിസര്‍വേഷനും ആരംഭിച്ചിട്ടുണ്ട്.

ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസിംഗില്‍ അനിശ്ചിതത്വം നേരിട്ടത്. പരാതി പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഉള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കാനാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കിയത്.

മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ.