ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു; എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി

പാട്‌ന: മുൻ ബിഹാർ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. പടിയിൽ നിന്നും വീണതിനെ തുടർന്നാണ് ലാലു പ്രസാദ് യാദവ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട് രണ്ടാം ദിവസവും ലാലു പ്രസാദിന് കാര്യമായ ആരോഗ്യ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ ലാലു പ്രസാദിന്റെ ആരോഗ്യനിലയിലെ പുരോഗതിയെ കുറിച്ച് അന്വേഷിച്ച് രംഗത്തെത്തി. ലാലു പ്രസാദ് യാദവ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാധാനമന്ത്രി പ്രാർത്ഥിക്കുകയും ചെയ്തു. ലാലു പ്രസാദിന്റെ മകനും ആർജെഡി നേതാവുമായ തേജസ്വി പ്രസാദ് യാദവിനെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങളെ കുറിച്ച് അന്വേഷിച്ചത്.

ലാലുവിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ആവശ്യമെങ്കിൽ ലാലു പ്രസാദിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡൽഹിയിലേക്ക് അയക്കാൻ ബിഹാർ സർക്കാർ ആവശ്യമായ ക്രമീകരണങ്ങൾ ഉടൻ ചെയ്യണമെന്ന് ബിജെപി നേതാവ് സുശീൽ മോദി ട്വിറ്ററിലൂടെ അറിയിച്ചു. പടിയിൽ നിന്ന് വീണ ലാലു പ്രസാദിന്റെ തോളെല്ല് ഒടിഞ്ഞിട്ടുണ്ടെന്നാണ് വിവരം.