പട്ടിമറ്റം ടൗണിൽ അലഞ്ഞു നടന്ന ഇരുപതിലധികം തെരുവു നായ്ക്കളെ ഒറ്റ ദിവസം കൊണ്ട് കാണാതായി; പരാതി നൽകി മൃഗസ്നേഹികളുടെ സംഘടന

കോലഞ്ചേരി: പട്ടിമറ്റം ടൗണിൽ അലഞ്ഞു നടന്ന ഇരുപതിലധികം തെരുവു നായ്ക്കളെ ഒറ്റ ദിവസം കൊണ്ട് കാണാതായി. മേഖലയിലെ പല സ്ഥലങ്ങളിലും പട്ടിയെ പിടിക്കാനുള്ള കുടുക്കുകൾ കണ്ടെത്തിയിട്ടുണ്ട്. പട്ടിപിടുത്തക്കാർ കൂട്ടത്തോടെ ഇവയെ പിടികൂടി അട്ടിറച്ചിയാക്കിയതാവാമെന്ന സംശയം ബലപ്പെടുന്നുണ്ട്.

സംഭവത്തിൽ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടനയായ അനിമൽ ലീഗൽ ഫോഴ്സ് കുന്നത്തുനാട് രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന പൊലീസിൽ പരാതി നൽകി.

കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ പിടിച്ചെടുത്തിരിക്കുന്ന വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഗ്രൗണ്ടിൽ പ്രസവിച്ചുണ്ടായ കുഞ്ഞുങ്ങളടക്കമുള്ള നായ്ക്കളെയാണ് കാണാതായത്. ജില്ലയിലെ ചില മേഖലകളിൽ ആട്ടിറച്ചിയെന്ന പേരിൽ പട്ടിയിറച്ചി വിൽക്കുന്നുവെന്ന ആരോപണം ശക്തമാണ്. സംഭവത്തിൽ കുന്നത്തുനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മറ്റെവിടെയെങ്കിലും ഇത്തരത്തിൽ സംഭവം നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

അതേസമയം, പട്ടിമറ്റം, കിഴക്കമ്പലം മേഖലയിൽ വ്യാപകമായി നാഗാലാൻഡ് സ്വദേശകൾ താമസിക്കുന്നുണ്ട്. ഇവർ പട്ടിയിറച്ചി ഉപയോഗിക്കുന്നവരാണ്. ഇവർക്ക് വേണ്ടി പട്ടികളെ കൂട്ടക്കുരുതി ചെയ്തതാണോയെന്നും അന്വേഷണം നടക്കുന്നുണ്ട്.