‘എന്റേതായ ശൈലിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു; വളച്ചൊടിക്കപ്പെട്ടതില്‍ ഖേദമുണ്ട്’- മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: പൊതുപരിപാടിയില്‍ ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞ സംഭവത്തില്‍ തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നെന്ന് നിയമസഭയില്‍ ഖേദം പ്രകടിപ്പിച്ച് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.

സജി ചെറിയാന്റെ വാക്കുകള്‍

‘ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം ഭരണഘടനയെയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ മുന്‍പന്തിയിലുള്ളവരാണ്. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ ഭരണഘടനയുടെ നിര്‍ദ്ദേശതത്വങ്ങള്‍ക്ക് കൂടുതല്‍ ശാക്തീകരണം ആവശ്യമാണ്. അല്ലെങ്കില്‍ വര്‍ദ്ധിച്ചുവരുന്ന അസമത്വങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാന്‍ എന്റേതായ വാക്കുകളില്‍ പ്രകടിപ്പിച്ചത്. ഒരിക്കല്‍പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കുവാനോ എതിരായി കാര്യങ്ങള്‍ പറയാനോ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറല്‍ സംവിധാനം എന്നീ തത്വങ്ങള്‍ കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ റദ്ദാക്കിക്കൊണ്ട് ലേബര്‍ കോഡുകള്‍ രാജ്യത്ത് അടിച്ചേല്‍പ്പിച്ചത് കൊടിയ ചൂഷണത്തിന് വഴിവയ്ക്കുമെന്നാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങള്‍ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങള്‍ ഭരണഘടനയുടെ അന്തസത്ത തകര്‍ക്കുമെന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. ജനങ്ങള്‍ക്ക് സാമൂഹികനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവര്‍ത്തകന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ ബഹുമാനിച്ചുകൊണ്ടും അംഗീകരിച്ചുകൊണ്ടുമുള്ള രാഷ്ട്രീയ പ്രസംഗമാണ് നടത്തിയത്. എന്റേതായ ശൈലിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. ഞാന്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയായിട്ടുണ്ടെങ്കില്‍ അതിയായ ഖേദം പ്രകടിപ്പിക്കുന്നു.’

അതേസമയം, രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യന്‍ ഭരണഘടന എന്നായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.