തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് സിപിഎം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും ഇത് മാദ്ധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും അ്‌ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണഘടന എത്രയോ തവണ ഭേദഗതി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഭരണഘടന അതിമനോഹരമായ ഭരണഘടനയാണ്. ഈ ഭരണഘടന രാജ്യത്തുണ്ടായിട്ടും രാജ്യത്തിന്റെ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന അർഥത്തിലാണ് സജി ചെറിയാൻ സംസാരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാൻ ഈ ഭരണഘടന നിലവിലുണ്ടായിട്ടും കഴിഞ്ഞിട്ടില്ല. ലോകത്ത് ഏറ്റവും കൂടുതൽ പട്ടിണിക്കാരുള്ള രാജ്യം നമ്മുടേതാണ്. പോഷകാഹാരം കിട്ടാത്ത കുട്ടികളുള്ളത് ഇന്ത്യയിലാണ്. സ്വന്തമായി പാർപ്പിടമില്ലാത്തത് ഇന്ത്യയിലാണ്. കോവിഡ് കാലത്ത് ഓക്സിജൻ കിട്ടാതെ മരിച്ചവരുടെ രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ചാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. ഇത് മാദ്ധ്യമങ്ങളുടെ വ്യാഖ്യാനമാണ്. എന്നാൽ, രാജ്യം നേരിടുന്ന പ്രശ്നങ്ങൾ മാദ്ധ്യമങ്ങൾ പറയാറുണ്ടോ. ഇപ്പോഴത്തെ കോടതി വിധി എന്താണെന്നും കോടതി എവിടെനിൽക്കുന്നു എന്നതിനെക്കുറിച്ചെല്ലാം തനിക്ക് നല്ല ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

