ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് സജി ചെറിയാന്റെ പരാമർശം; മന്ത്രി രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഭരണഘടനക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയതിനാണ് മന്ത്രി സജി ചെറിയാനെതിരെ വി ഡി സതീശൻ രംഗത്തെത്തിയത്. സജി ചെറിയാൻ രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജി വച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. അതിന് സർക്കാർ തയാറായില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സത്യപ്രതിജ്ഞാ ലംഘനം ആണ് മന്ത്രി നടത്തിയത്. സത്യപ്രതിജ്ഞയോടെ കൂറ് കാണിക്കേണ്ട മന്ത്രി അത് ലംഘിച്ചു. അടിസ്ഥാനം ഇല്ലാത്ത കാര്യങ്ങൾ ആണ് മന്ത്രി പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗം. ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകളെ പോലും മന്ത്രി അപമാനിച്ചു. അത്രയും മോശമായാണ് മന്ത്രി പറഞ്ഞതെന്നും അദ്ദേഹം വിമർശിച്ചു.

ഭരണഘടനാ സംവിധാനങ്ങളെ മുഴുവൻ സജി ചെറിയാൻ അപകീർത്തിപ്പെടുത്തി. എവിടെ നിന്നാണ് അദ്ദേഹത്തിന് ഈ വിവരങ്ങൾ ലഭിച്ചത്. മന്ത്രി ഭരണഘടന വായിച്ചിട്ടുണ്ടോ, അതിന്റെ പവിത്രത എന്താണെന്ന് അറിയാമോയെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.