കോവിഡാനന്തര പ്രശ്‌നങ്ങള്‍ അലട്ടുന്നു; കെ. സുധാകരന്‍ ചികിത്സക്കായി അമേരിക്കയിലേക്ക്‌

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോകുന്നു. കോവിഡ് വന്നതിന് ശേഷമുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ പലവിധത്തില്‍ അദ്ദേഹത്തെ അലട്ടുന്നതിനാല്‍ കുറച്ചുകാലമായി നിരന്തരം ചികിത്സകളിലായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സുധാകരന്‍ അമേരിക്കയിലേക്ക് ചികിത്സക്കായി പോകുന്നത്.

അതേസമയം, ആരോഗ്യ പ്രശ്നങ്ങളാല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പു സമയത്തും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ കെ. സുധാകരന് കഴിഞ്ഞിരുന്നില്ല. ഈ സമയം പാര്‍ട്ടിക്ക് വേണ്ടി എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനായിരുന്നു. ഡിസിസികളെ ആക്ടീവാക്കിയതു സുധാകരനാണെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഫലപ്രദമായി ഇപ്പോള്‍ ഇടപെടാന്‍ കഴിയുന്നില്ല. അതിനാലാണ് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ അമേരിക്കയിലേക്ക് പോകുന്നത്.

എന്നാല്‍, അദ്ദേഹം തിരിച്ചെത്തുന്നതു വരെ കെപിസിസി പ്രസിഡന്റിന്റെ ചുമതല ആര്‍ക്ക് നല്കണമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. തൃക്കാക്കരയില്‍ നേടിയ വിജയം കോണ്‍ഗ്രസ് ക്യാമ്ബുകളില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇനിയും പാര്‍ട്ടിയെ കെ. സുധാകരന്‍ തന്നെ നയിക്കണമെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പഴയതുപോലെ എല്ലായിടവും ഓടി എത്താന്‍ സുധാകരന് കഴിയുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷണനും പിന്നാലെയാണ് കെ സുധാകരനും അമേരിക്കയില്‍ ചികിത്സ തേടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും രണ്ടര മാസം മുന്‍പാണ് അമേരിക്കയില്‍ ചികിത്സ തേടിയത്.