രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിന് നേരെയുണ്ടായ ആക്രമണം; കോൺഗ്രസിന് തിരിച്ചടിയായി പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസിന് തിരിച്ചടിയായി പോലീസ് റിപ്പോർട്ട്. രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് അക്രമിച്ച എസ്എഫ്‌ഐക്കാർ അല്ല ചിത്രം താഴെയിട്ടതെന്നാണ് എസ്പി നൽകിയിരിക്കുന്ന റിപ്പോർട്ട്. പോലീസ് റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയിൽ വായിച്ചു.

അതേസമയം, മുഖ്യമന്ത്രിയുടെ കഥയ്ക്ക് പൊലീസ് തയ്യാറാക്കിയ തിരക്കഥയാണ് റിപ്പോർട്ടെന്ന് കോൺഗ്രസ് വിമർശിച്ചു. എസ്എഫ്‌ഐക്കാർ ഓഫീസ് ആക്രമിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റിപ്പോർട്ട് സമർപ്പിച്ചു.

എസ്എഫ്‌ഐക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം 4.04ന് എടുത്ത ഫോട്ടോയിൽ ചിത്രം ചുമരിലുണ്ടെന്നും, 4.29ന് വീണ്ടും എടുത്ത ഫോട്ടോയിൽ ഗാന്ധി ചിത്രം നിലത്ത് കിടന്നുവെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഈ സമയം ഓഫീസിൽ യൂത്ത് കോൺഗ്രസുകാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രശ്‌നം ഭരണപക്ഷ എംഎൽഎ, വി.ജോയി നിയസഭയിൽ സബ്മിഷനായി ഉന്നയിച്ചപ്പോൾ പൊലീസ് റിപ്പോർട്ട് മുഖ്യമന്ത്രി സഭയിൽ വായിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവരുടെ തോളിൽ പൊലീസ് തട്ടുന്ന ദൃശ്യങ്ങൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പുറത്തുവിട്ടിരുന്നു. അന്വേഷണത്തിനായി എഡിജിപി വയനാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ചിത്രം നശിപ്പിച്ചത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ പിന്നെ റിപ്പോർട്ട് എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോയെന്ന് വിഷയത്തിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.