തൈരിനൊപ്പം ഈ ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കല്ലേ….

ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് തൈര്. ഫോസ്ഫറസ്, കാത്സ്യം, വിറ്റാമിൻ ബി-2, വിറ്റാമിൻ ബി-12, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം തൈരിലുണ്ട്. തൈരിലെ പ്രോബയോട്ടിക് ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു. എന്നാൽ തൈര് ചില ഭക്ഷണ പദാർത്ഥങ്ങളുമായി ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് തീരെ നല്ലതല്ല. തൈരുമായി ഒരിക്കലും ചേർത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഉള്ളി

തൈരും ഉള്ളിയും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ദോഷം ചെയ്യും. തൈര് ശരീരം തണുപ്പിക്കുന്നതും ഉള്ളി ശരീരത്തിൽ ചൂട് ഉത്പാദിപ്പിക്കുന്നതുമാണ്. ഈ ഭക്ഷണശീലം തിണർപ്പ്, എക്‌സിമ, സോറിയാസിസ്, മറ്റ് ചർമ്മ രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

മത്സ്യം

മത്സ്യത്തോടൊപ്പം തൈര് കഴിക്കുന്നതും ശരീരത്തിന് അത്ര നല്ലതല്ല. തൈരിലും മത്സ്യത്തിലും പ്രോട്ടീൻ കൂടുതലാണ്. രണ്ട് പ്രോട്ടീൻ സമ്പുഷ്ടമായ ഇനങ്ങൾ ഒരുമിച്ച് ചേർക്കരുതെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ഇത് ദഹനക്കേടിനും വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

തൈരിനൊപ്പം എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നതും നല്ലതല്ല. ഇത്് ദഹനം സാവധാനത്തിലാക്കും. ഇത് വയറുവേദനയ്ക്ക് കാരണമാകാനിടയുണ്ട്. തൈരിനൊപ്പം എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഉന്മേഷക്കുറവ് അനുഭവപ്പെടുന്നതിനും കാരണമാകും.