ലൈംഗിക അതിക്രമം: ഇന്ത്യന്‍ വനിതാ അണ്ടര്‍ 17 ഫുട്‌ബോള്‍ സഹപരിശീലകനെതിരെ നടപടി

ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ അണ്ടര്‍ 17 ഫുട്ബോള്‍ ടീം സഹപരിശീലകനെ പുറത്താക്കി. ടീം സഹപരിശീലകന്‍ അലക്സ് ആംബ്രോസിനെയാണ് പുറത്താക്കിയത്. ഒക്ടോബറില്‍ ഇന്ത്യയില്‍ വച്ച് അണ്ടര്‍ 17 ലോകകപ്പ് നടക്കാനിരിക്കെയാണ് ഈ അനിഷ്ട സംഭവം.

അലക്സിനെതിരെ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ അസോസിയോഷന്‍ കമ്മിറ്റി അംഗം എസ്.വൈ ഖുറൈശി അറിയിച്ചു. അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി അണ്ടര്‍ 17 വനിതാ ടീമിന്റെ യൂറോപ്പ് സന്ദര്‍ശനത്തിനിടെയാണ് സംഭവം.

‘അണ്ടര്‍ 17 വനിതാ ടീമില്‍ ഒരു അനിഷ്ട സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അച്ചടക്കമില്ലായ്മകളെ വച്ചു പൊറുപ്പിക്കില്ല. കുറ്റാരോപിതര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും. നിലവില്‍ കുറ്റാരോപിതനെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്റ് ചെയ്തിട്ടുണ്ട്. ഇയാളോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. നാട്ടിലെത്തിയ ശേഷം തുടര്‍നടപടികള്‍ ഉണ്ടാവും.’- അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.