പ്രതികാരം ആഗ്രഹിക്കുന്ന ആളല്ല താൻ; പി സി ജോർജിന്റെ അറസ്റ്റിൽ പ്രതികരണവുമായി ഉമ്മൻചാണ്ടി

കോട്ടയം: പീഡന പരാതി കേസിൽ പി സി ജോർജിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതികാരം ആഗ്രഹിക്കുന്ന ആളല്ല താനെന്ന് അദ്ദേഹം പറഞ്ഞു.

പി സി ജോർജ് മാത്രമല്ല ഒരുപാടുപേർ തനിക്കെതിരെ അന്ന് സംസാരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് പറഞ്ഞത് പലരും തിരുത്തുകയാണല്ലോ എന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു.

2022 ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസിൽ വിളിച്ച് വരുത്തി പി സി ജോർജ് കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പി സി ജോർജിനെതിരെ ലഭിച്ചിരിക്കുന്ന പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് പി സി ജോർജിനെതിരായ കേസ്. 354,354(A) വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്.

സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പി സി ജോർജിനെതിരെ കേസെടുത്തത്. തിരുവനന്തപുരം മ്യൂസിയം പോലീസ് ആണ് പി സി ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.