മണ്ണെണ്ണയുടെ വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ; ലിറ്ററിന് രേഖപ്പെടുത്തിയത് 14 രൂപയുടെ വർദ്ധനവ്

തിരുവനന്തപുരം: മണ്ണെണ്ണയുടെ വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. ലിറ്ററിന് 14 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 102 രൂപയായി.

അതേസമയം, നിലവിലെ സ്റ്റോക്ക് തീരും വരെ 84 രൂപയ്ക്ക് മണ്ണെണ്ണ വിൽക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. 84 രൂപയായിരുന്നു മെയ് മാസം ഒരു ലിറ്റർ മണ്ണെണ്ണയുടെ വില. ജൂൺ മാസത്തിൽ 4 രൂപ വർദ്ധിച്ച് ഇത് 88 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്‌സ് കമ്മിഷൻ, സി.ജി.എസ്.റ്റി., എസ്.ജി.എസ്.റ്റി. എന്നിവ കൂട്ടിച്ചേർത്ത വിലയ്ക്കാണ് റേഷൻകടകളിൽ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

ജൂൺ മാസത്തിൽ കേന്ദ്ര സർക്കാർ 4 രൂപ വർദ്ധിപ്പിച്ച് 88 രൂപയാക്കിയെങ്കിലും കേരള സർക്കാർ വില വർദ്ധിപ്പിച്ചിരുന്നില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് കേരളം റേഷൻകടകളിലൂടെ സബ്‌സിഡി മണ്ണെണ്ണ വിതരണം ചെയ്തുവരുന്നത്. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് തന്നെ കാർഡുടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിർദ്ദേശം പൊതുവിതരണ വകുപ്പ് കമ്മിഷണർക്ക് നൽകിയിട്ടുണ്ടെന്ന് ജി ആർ അനിൽ അറിയിച്ചു.