ഓഫ്‌സൈഡ് അറിയാന്‍ പുത്തന്‍ സാങ്കേതിക വിദ്യയുമായി ഫിഫ

സൂറിച്ച്: 2018 ലോകകപ്പ് മുതല്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) ഉപയോഗിക്കുന്ന ഫിഫ ഇത്തവണ ഓഫ് സൈഡുകള്‍ അറിയാന്‍ സെമി ഓട്ടോമേറ്റഡ് ടെക്‌നോളജി ഉപയോഗിക്കും. ലോകകപ്പിന് ഉപയോഗിക്കുന്ന അഡിഡാസിന്റെ പന്തിനകത്ത് സെന്‍സര്‍ ചിപ്പും സൂക്ഷ്മ നിരീക്ഷണത്തിനു സ്റ്റേഡിയത്തില്‍ 12 ക്യാമറകളും സ്ഥാപിച്ച് ഓഫ് സൈഡുകള്‍ ഉറപ്പിക്കാനാണു ഫിഫ ശ്രമിക്കുന്നത്. വാറിലും സംശയമുണ്ടാക്കുന്ന ഓഫ്സൈഡുകള്‍ കൃത്യമായി മനസിലാക്കാന്‍ ഇതിലൂടെ സാധിക്കും.

ഖത്തറിലെ ക്ലബ് മത്സരങ്ങളില്‍ നിരവധി തവണ പരീക്ഷിച്ചു വിജയിച്ചതാണിത്. അബുദാബിയില്‍ നടന്ന ലോകകപ്പിലും കഴിഞ്ഞ ഡിസംബറില്‍ ഖത്തറില്‍ നടന്ന അറബ് കപ്പിലും പുതിയ സാങ്കേതിക വിദ്യ പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിച്ചു. 25 സെക്കന്‍ഡിനുള്ളില്‍ ഓഫ്സൈഡ് അറിയാനാകുമെന്നാണ് അവകാശ വാദം. പന്തിനുള്ളില്‍ ഘടിപ്പിച്ച സെന്‍സര്‍ സെക്കന്‍ഡില്‍ 500 ഡേറ്റാ വരെ അയയ്ക്കാന്‍ പര്യാപ്തമാണ്.

സെന്‍സറും 12 കാമറകളുമാണ് ഓഫ്സൈഡ് നിര്‍ണയിക്കുക. പന്തിന്റെ സ്ഥാനവും താരത്തിന്റെ 29 വിവിധ പോയിന്റുകളും കാമറകള്‍ ഒപ്പിയെടുക്കും. പിച്ചിലുള്ള ഒരോ താരത്തിന്റെയും പിന്നാലെ കാമറുകളുണ്ടാകും. സെക്കന്‍ഡില്‍ 50 ഡേറ്റാ വരെ ഈ കാമറകള്‍ വഴി ലഭിക്കും. ഒരു താരം ഓഫ്സൈഡ് പൊസിഷനില്‍ എത്തുമ്‌ബോള്‍ തന്നെ കാമറകള്‍ വീഡിയോ അസിസ്റ്റന്റ് റഫറിക്കു മുന്നറിയിപ്പ് നല്‍കും. അതിനു സെക്കന്‍ഡുകള്‍ പോലും വേണ്ടി വരില്ലെന്നാണു ഫിഫയുടെ വാദം.