മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം മര്യാദകേട്; മാത്യുക്കുഴൽനാടനെതിരെ പരിഹാസവുമായി സജി ചെറിയാൻ

ആലപ്പുഴ: മാത്യു കുഴൽനാടൻ എം എൽ എക്കെതിരെ പരിഹാസവുമായി മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരെ ആരോപണം ഉന്നയിച്ചതിനാണ് സജി ചെറിയാൻ മാത്യുക്കുഴൽ നാടനെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ആരോപണം മര്യാദകേടാണെന്നും മാത്യു കുഴൽനാടനല്ല, കുഴൽമന്ദനാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ എൽഡിഎഫ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഒരു സ്ത്രീ പറഞ്ഞാൽ തകരുന്നതാണോ പിണറായി വിജയൻ എന്നും എവിടുന്ന് കിട്ടി ഈ സാധനത്തെയെന്നും സജി ചെറിയാൻ ചോദിച്ചു.

യുഡിഎഫ് ഭരണകാലത്ത് സരിത പറഞ്ഞതുപോലൊരു കഥയാണ് സ്വപ്ന ഇപ്പോൾ പറയുന്നത്. സ്വപ്‌ന സുരേഷിനെ പ്രതിപക്ഷം വിലയ്‌ക്കെടുത്തതാണ്. സ്ത്രീകളിലൂടെയായിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്നും അതുകൊണ്ടാണ് സരിതയും സ്വപ്നയും വന്നതെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു.