ബഫർസോൺ; രാഹുൽ ഗാന്ധിയുടെ വാദം തെറ്റ്, വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് താനയച്ച കത്തിന് മുഖ്യമന്ത്രി മുറുപടി നൽകിയില്ലെന്ന വയനാട് എംപി രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടി നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 2022 ജൂൺ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചു. 2022 ജൂൺ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമാക്കി.

സുപ്രീം കോടതി വിധിക്ക് ശേഷം ബഫർ സോൺ വിഷയത്തിൽ ഉയർന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. തന്റെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല എന്ന രാഹുൽ ഗാന്ധിയുടെ വാദം തെറ്റാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.