വീഡിയോ സെല്‍ഫി വഴി പ്രായം കണ്ടുപിടിക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം

നിര്‍ദ്ദേശിച്ച പ്രായപരിധിയ്ക്ക് താഴെയുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിന് വേണ്ടി ഇന്‍സ്റ്റഗ്രാമിന്റെ പുതിയ സംവിധാനം. വീഡിയോ സെല്‍ഫി ഉപയോഗിച്ച് പ്രായം കണ്ടുപിടിക്കാനുള്ള സംവിധാനമാണിത്. ഇതുവഴി കുട്ടികളുടെ പ്രായം പരിശോധിക്കും. ഇതിനായി ഫേഷ്യല്‍ അനാലിസിസ് സോഫ്റ്റ് വെയറോടുകൂടിയ വീഡിയോ സെല്‍ഫി ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം പരീക്ഷിക്കുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നവര്‍ 13 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം എന്നാണ് മാനദണ്ഡം. പക്ഷേ ജനന തീയ്യതി മാറ്റി നല്‍കി കുട്ടികള്‍ ഇത് ലംഘിക്കുകയാണ് പതിവ്. യുഎസില്‍ ജനന തീയ്യതി നല്‍കുന്നതിനൊപ്പം ഐഡി കാര്‍ഡ് അപ് ലോഡ് ചെയ്യണം. കൂടാതെ പ്രായപൂര്‍ത്തിയായ മൂന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നതിനോ, അവര്‍ സെല്‍ഫി വീഡിയോ എടുക്കുന്നതിനോ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെടും. ഇതാണ് പുതിയ അപ്‌ഡേഷനായി വരിക.

പുതിയ രീതികള്‍ വരുന്നതോടെ കൗമാരക്കാര്‍ക്ക് പ്രായത്തിനനുയോജ്യമായ അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്‍സ്റ്റഗ്രാമിന്റെ മാതൃകാസ്ഥാപനമായ മെറ്റ. നിലവില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുന്ന പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റാഗ്രാം. വിമര്‍ശനങ്ങളെല്ലാം കുട്ടികളുടേയും കൗമാരക്കാരുടേയും സുരക്ഷയുടെ പേരിലാണ് താനും. കുട്ടികളുടെ മാനസികാരോഗ്യത്തില്‍ ഇന്‍സ്റ്റാഗ്രാം തെറ്റായ സ്വാധീനമുണ്ടാക്കുന്നുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇക്കാര്യം കമ്ബനിയുടെ തന്നെ ഗവേഷണ പഠനങ്ങളില്‍ നിന്ന് കണ്ടെത്തിയതായി മുന്‍ ഫേസ്ബുക്ക് ജീവനക്കാരിയും വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ യുഎസില്‍ ഇന്‍സ്റ്റാഗ്രാമിനെതിരെ അന്വേഷണങ്ങളും നടക്കുന്നുണ്ട്. അക്കൗണ്ട് ലോക്ക് ചെയ്യപ്പെടുമ്‌ബോള്‍ അത് തിരിച്ചെടുക്കാന്‍ നിലവില്‍ ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫി വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാം വീഡിയോ സെല്‍ഫികളില്‍ നിന്നും മുഖം വിശകലനം ചെയ്യുന്ന സാങ്കേതിക വിദ്യ ഒരുക്കുന്നത്. യുകെ ഡിജിറ്റല്‍ ഐഡന്റിഫിക്കേഷന്‍ സേവനദാതാവായ യോറ്റിയുടെ സഹായത്തോടെയാണ്.

ആറ് മുതല്‍ 12 വയസ് വരെയുള്ളവരില്‍ ഈ സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . അഥവാ പിഴവുകളുണ്ടായാലും ചെറിയതാകും അവ. വീഡിയോ സെല്‍ഫി വഴി ലഭിക്കുന്ന ചിത്രങ്ങള്‍ പ്രായം പരിശോധിച്ചുകഴിഞ്ഞാല്‍ഉടനെ നീക്കം ചെയ്യുമെന്ന് ഇരു കമ്ബനികളും ഉറപ്പു നല്‍കുന്നു.