സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് ഹർജി സമർപ്പിച്ച് സരിത; അമിക്കസ് ക്യൂരിയെ നിയോഗിച്ച് ഹൈക്കോടതി

കൊച്ചി: സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജിയിൽ അമിക്കസ് ക്യൂരിയെ നിയോഗിച്ച് ഹൈക്കോടതി. രഹസ്യമൊഴി പൊതുരേഖയാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഈ നിയമപ്രശ്‌നത്തിൽ കോടതിയെ സഹായിക്കുന്നതിനാണ് അമിക്കസ് ക്യൂരിയെ നിയോഗിച്ചത്. അഡ്വ. ധീരേന്ദ്ര കൃഷ്ണനെയാണ് അമിക്കസ് ക്യൂരിയായി നിയമിച്ചത്.

സ്വപ്നയുടെ രഹസ്യമൊഴിയിൽ തനിക്കെതിരെ പരാമർശമുണ്ടെന്നറിഞ്ഞെന്നും അതിനാൽത്തന്നെ മൊഴിയുടെ പകർപ്പ് കിട്ടാൻ അവകാശമുണ്ടെന്നുമാണ് സരിത കോടതിയെ അറിയിച്ചത്. ജൂലൈ 11 ന് ഹർജി കോടതി വീണ്ടും പരിഗണിക്കും. അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

പാലക്കാടും തിരുവനന്തപുരത്തും പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചിരിക്കുന്ന ആവശ്യം. തിരുവനന്തപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ ഹൈക്കോടതി സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്ന സുരേഷിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലാം തവണയാണ് സ്വപ്ന ഇഡിയ്ക്ക് മുന്നിൽ ഹാജരായത്. കോടതിയിൽ നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്താൻ തുടങ്ങിയത്.