തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതികരണവുമായി മുൻമന്ത്രി എം എം മണി. പലവട്ടം ക്ഷമിച്ചിട്ടുണ്ട് എന്നുകരുതി എപ്പോഴും അത് പ്രതീക്ഷിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയായിരുന്നു തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാതൻ സ്ഫോടകവസ്തു എറിഞ്ഞത്. സംഭവത്തിന് പിന്നിൽ കോൺഗ്രസാണെന്നാണ് സിപിഎം നേതാക്കൾ ആരോപിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം, എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ അക്രമിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്നും അധികം വൈകാതെ തന്നെ അക്രമിയെ പിടികൂടാൻ കഴിയുമെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി. പ്രതിയെ കണ്ടെത്താൻ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്നും സംഭവത്തിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

