തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എവിടെ നിന്നെങ്കിലും എന്തെങ്കിലും കേട്ട് വന്ന് പറയുന്ന ആളാണ് മാത്യു കുഴൽനാടൻ എംഎൽഎയെന്ന് അദ്ദേഹം പറഞ്ഞു. നിലവാരമില്ലാത്ത ആളാണ് കുഴൽനാടനെന്നും മുഖ്യമന്ത്രിയുടെ മകൾ വീണക്ക് എതിരായ തെളിവുകൾ അദ്ദേഹം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഇ പി ജയരാജൻ അറിയിച്ചു.
സ്വപ്ന സുരേഷ് പറയുന്നത് കേട്ട് ഭരിക്കാനല്ല ഇവിടെ നിൽക്കുന്നത്. ഉയർന്ന രാഷ്ട്രീയ ബോധത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ രാഷ്ട്രീയത്തെ അഭിമുഖീകരിക്കാൻ പറ്റൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വർണ്ണ കള്ളക്കടത്ത് കേസിൽ പ്രതിയായി അകത്ത് കിടന്ന സ്ത്രീ ആർഎസ്എസ് ക്യാമ്പിൽ നിന്നും പുറത്ത് വരുമ്പോൾ യുഡിഎഫ് പൂമാലയിട്ട് സ്വീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രോട്ടോക്കോൾ ലംഘിച്ചിട്ടുണ്ടെങ്കിൽ അതിന്റെ നടപടി എടുക്കണം. ശരിയായ നിലപാട് മാത്രമേ സർക്കാർ സ്വീകരിച്ചിട്ടുള്ളൂ. അദ്ദേഹം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് ഇന്ന് വാർത്ത വന്നില്ലേ. പണ്ട് തലവെട്ടിയിട്ടില്ലേ. എന്റെ ഭാര്യയുടെ പടം തലവെട്ടിയിട്ട് സ്വപ്ന സുരേഷിന്റെ തലവെച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിട്ടില്ലേ. ഇവരൊക്കെ അല്ലേ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

