മഹാരാഷ്ട്രയിൽ നല്ല സേവനം കാഴ്ച്ച വെക്കാൻ കഴിയട്ടെ; ഷിൻഡെയ്ക്കും ഫഡ്‌നാവിസിനും അഭിനന്ദനം അറിയിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും അഭിനന്ദനം അറിയിച്ച് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ നേതാക്കൾക്ക് നന്ദി അറിയിച്ചത്.

മഹാരാഷ്ട്രയിൽ നല്ല സേവനം കാഴ്ച്ച വെക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, മഹാരാഷ്ട്രയിൽ ശനിയാഴ്ച്ച വിശ്വാസ വോട്ടെടുപ്പ് നടക്കും. ഏക്‌നാഥ് ഷിൻഡേ സർക്കാർ ശനിയാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏകനാഥ് ഷിൻഡെക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്ന് പ്രധാനമന്ത്രിയും അറിയിച്ചു. താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന നേതാവാണ് ഷിൻഡെയെന്നും രാഷ്ട്രീയ, നിയമനിർമ്മാണ, ഭരണ രംഗത്ത് മികച്ച പരിജ്ഞാനം ഉള്ള വ്യക്തിയാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയെ ഉയരങ്ങളിൽ എത്തിക്കാൻ ഷിൻഡെയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.