മണിപ്പൂരിൽ കനത്ത മഴയും മണ്ണിടിച്ചിലും; 13 പേർ മരിച്ചു, സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

ഇംഫാൽ: മണിപ്പൂരിൽ കനത്ത മഴയും മണ്ണിടിച്ചിലും. 13 പേരാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും മരണപ്പെട്ടത്. നോനി ജില്ലയിലെ റെയിൽവേ നിർമാണ ക്യാമ്പിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. 19 പേരെ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവരെ ആർമി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി എൻ ബിരേൻ സിംഗിനൊപ്പം സ്ഥിതി വിലയിരുത്തി. കനത്ത മഴയിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും സഹായങ്ങൾ ഉണ്ടാകുമെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് സംഘത്തെ കൂടി തുപുലിലേക്ക് അയച്ചിട്ടുണ്ടെന്ന് അമിത് ഷാ അറിയിച്ചു. ബുധനാഴ്ച അർദ്ധരാത്രി മുതൽ എൻഡിആർഎഫിന്റെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അമിത് ഷായ്ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.