പാര്‍ട്ടി ഓഫീസ് ആക്രമണം കോണ്‍ഗ്രസിന്റെ ശൈലിയല്ല; അന്വേഷണം നടക്കട്ടെയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: എകെജി സെന്ററില്‍ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം. ‘പാര്‍ട്ടി ഓഫീസ് ആക്രമണം കോണ്‍ഗ്രസിന്റെ ശൈലിയല്ല, അന്വേഷണം നടക്കട്ടേയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു.

‘വിഷയങ്ങളില്‍ നിന്ന് ഫോക്കസ് മാറ്റാനുള്ള ശ്രമമാണ്. അത് ആരുടെ ആവശ്യമെന്ന് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടി ഓഫീസ് ആക്രമണം കോണ്‍ഗ്രസിന്റെ ശൈലിയല്ല. പ്രത്യേകിച്ചും രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തുന്ന സമയമാണ്. വിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ച് വേറെ വിഷയങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരാണ്. വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കില്ലെന്നത് സാമനയുക്തിയാണ്. യുഡിഎഫ് സമരത്തിലാണ്, ആ സമരത്തില്‍ നിന്ന് മാറണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം പറയുന്നത്. ആരാണ് ചെയ്തതെന്ന് ഇപ്പോഴും കൃത്യമായി അറിയില്ല. അതിന് മുമ്പ് യുഡിഎഫാണെന്ന് പറയുന്നത് ശരിയായ രീതിയല്ല. പോലീസ് അന്വേഷിച്ച് കണ്ടെത്തുന്നതിന് മുമ്പ് കോണ്‍ഗ്രസിനേയും യുഡിഎഫിനേയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ശരിയല്ല’- സതീശന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ആക്രമണം ഇ പി ജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ നാടകമാണ്. സിപിഎമ്മിന്റെ ക്രിമിനല്‍ സംഘമാണ് ആക്രമണം നടത്തിയത്. ഈ തിരക്കഥ ഇപി ജയരാജന്റെതാണ്. സിപിഎം പാര്‍ട്ടി ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പങ്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യക്തമാക്കി. ’25 കൊല്ലം പഴക്കമുള്ള വേലകളാണ് സിപിഎം ഇപ്പോള്‍ ഒരുക്കുന്നതെന്നും, ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ആണ് ഈ ആക്രമണം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും തിരവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു.