പാക് എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിരോധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ എംബസിയുടെ വിവിധ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇന്ത്യ നിരോധിച്ചു. യുഎന്‍, തുര്‍ക്കി, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്ഥാന്‍ എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകളാണ് ട്വിറ്റര്‍ ഇന്ത്യ നിരോധിച്ചത്. നേരത്തെ നാഷണല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ റേഡിയോ-പാകിസ്താന്റെ ട്വിറ്റര്‍ അക്കൗണ്ടും ഇന്ത്യയില്‍ വിലക്കിയിരുന്നു.

യുഎന്‍, തുര്‍ക്കി, ഇറാന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്താന്‍ എംബസികളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ ‘വിത്ത്ഹെല്‍ഡ്’ എന്നാണ് ഇനി ഇന്ത്യയിലെ ട്വിറ്റര്‍ ഉപഭോക്താക്കള്‍ക്ക് കാണാനാകുക. അതേസമയം, നിരോധിച്ച അക്കൗണ്ടുകള്‍ ഉടന്‍ തന്നെ പുനഃസ്ഥാപിക്കണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടു.

നേരത്തെ ഇന്ത്യയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആറ് ചാനലുകള്‍ ഉള്‍പ്പെടെ 16 യൂട്യൂബ് ചാനലുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ ദേശീയ സുരക്ഷ, വിദേശബന്ധം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ചാനലുകളായിരുന്നു ഇത്. ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും ശ്രമിക്കുന്ന ഇത്തരം ചാനലുകളുടെ നിരോധനം തുടരുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരുന്നു.