ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്റ്റ് 6ന്‌

ന്യൂഡല്‍ഹി: രാജ്യത്ത് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജൂലൈ അഞ്ചിന വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 20-ന് നടക്കും. 21 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം. ആഗസ്റ്റ് ആറിനാവും വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണല്‍ നടക്കും.

ലോക്‌സഭയിലെയും രാജ്യസഭയിലേയും നോമിനേറ്റഡ് അംഗങ്ങള്‍ ഒഴികെയുള്ള 788 എംപിമാരാണ് വോട്ട് ചെയ്യേണ്ടത്. മുക്താര്‍ അബ്ബാസ് നഖ്വി ഉള്‍പ്പടെയുള്ളവരുടെ പേരുകള്‍ ബിജെപിയില്‍ ഉയരുന്നുണ്ട്. എന്നാല്‍, സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതുണ്ടോ എന്ന് അടുത്തയാഴ്ച കൂട്ടായി ആലോചിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.

അതേസമയം, നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് തീരുന്ന സാഹചര്യത്തില്‍, അതിനു മുന്‍പായി പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന തരത്തിലാണ് പ്രക്രിയകള്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യസഭയുടെ അദ്ധ്യക്ഷന്‍ എന്ന നിയമനിര്‍മ്മാണാധികാരവും ഉപരാഷ്ട്രപതിയാണ് വഹിക്കുക. രാഷ്ട്രപതിയുടെ സ്ഥാനത്ത് ഏതെങ്കിലും സാഹചര്യത്തില്‍ ഒഴിവുവരുന്ന പക്ഷം താല്കാലികമായി അദ്ദേഹത്തിന്റെ അധികാരങ്ങള്‍ വിനിയോഗിക്കാനുള്ള ഉത്തരവാദിത്തവും ഇന്ത്യയുടെ ഭരണഘടന ഉപരാഷ്ട്രപതിക്ക് നല്‍കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 63-ാം അനുച്ഛേദം അനുസരിച്ചാണ് ഉപരാഷ്ട്രപതി പദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.