യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങൾ; മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: എംഎൽഎ മാത്യു കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി മുഹമ്മദ് റിയാസ്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററെപ്പോലെയാണെന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നുവെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളിയാണ് മുഹമ്മദ് റിയാസ് രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും തന്റെ ഭാര്യയുമായ വീണ വിജയനെതിരെ ഉന്നയിച്ചത് പഴയ ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ആ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമായതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ആരോപണം ശക്തമായി തന്നെ യുഡിഎഫ് പ്രചരിപ്പിച്ചതാണ്. താൻ മത്സരിച്ച മണ്ഡലത്തിലും ഈ പ്രചാരണം ശക്തമായിരുന്നു. എന്നാൽ ആ മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അവിടെ താൻ നേടിയത്. ഇത്തരം തെറ്റായ ആരോപണങ്ങൾ പ്രതിപക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടാക്കി. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണമാണ് ഇത്. ഇത്തരം ആരോപണങ്ങൾ ജനം തള്ളിയതിന്റെ തെളിവാണ് ഇടതുപക്ഷത്തിന്റെ വൻ വിജയയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോഴത്തെ പ്രചാരണം പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയതാണ്. കോൺഗ്രസ് തുടർ പ്രതിപക്ഷമാകാനുള്ള കാരണങ്ങളിൽ ഒന്ന് ഇത്തരം പ്രചാരണങ്ങളാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

‘ജെയ്ക്ക് ബാലകുമാർ വീണ വിജയന്റെ എക്‌സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നു. എന്റെ മെന്റർ ആണെന്ന് വീണ വിജയൻ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരുന്നു. വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പറുമായി ബന്ധം ഉണ്ട്’- എന്നാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ ആരോപിച്ചത്. താൻ പറഞ്ഞതിൽ ഒരു വരിയോ അക്ഷരമോ പോലും പിൻവലിക്കാൻ തയ്യാറല്ലെന്നും ആരോപണം തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.