നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം തിരുത്തണം; റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ച് ശശി തരൂർ

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ച് ശശി തരൂർ എംപി. 2019 ൽ കേന്ദ്ര റെയിൽവേ മന്ത്രി തറക്കല്ലിട്ട നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ടാണ് ശശി തരൂർ മന്ത്രിയ്ക്ക് കത്തയച്ചത്.

2011-12 റെയിൽവേ ബഡ്ജറ്റിലാണ് കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. റെയിൽവേ ബോർഡ് ഒരു വിശദീകരണവും ഇല്ലാതെയാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് തരൂർ വ്യക്തമാക്കുന്നത്. പദ്ധതിയുടെ പുരോഗതിയെ കുറിച്ച് പല തവണ ചോദിച്ചപ്പോഴും കൃത്യമായ മറുപടി മന്ത്രി തന്നിരുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ഇപ്പൊൾ റെയിൽവേ ബോർഡ് രാജ്യസഭാ സെക്രട്ടേറിയറ്റിനു നൽകിയ മറുപടിയിൽ ഈ ഡിപിആർ പ്രായോഗികമല്ലെന്ന് കാട്ടി ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

2019-ൽ ആണ് ഏകദേശം 117 കോടി രൂപയുടെ ഡിപിആർ ദക്ഷിണ റെയിൽവേ അധികൃതർ റെയിൽവേ ബോർഡിന്റെ അനുമതിക്കായി സമർപ്പിച്ചത്.