ഹജ്ജ്; മദീനയിൽ എത്തിയത് 2.14 ലക്ഷത്തിലധികം പേർ

മദീന: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2.14 ലക്ഷത്തിലധികം ഹജ്ജ് തീർത്ഥാടകർ മദീനയിൽ എത്തിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. ഇതിൽ 1,30,308 പേർ മദീന പര്യടനം പൂർത്തിയാക്കി മക്കയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇത്തവണ 10 ലക്ഷം പേർക്കാണ് ഹജ്ജ് നിർവ്വഹിക്കാൻ അവസരം ലഭിക്കുക.

75000ത്തോളം തീർഥാടകർക്കാണ് ഇന്ത്യയിൽ നിന്ന് ഹജ്ജിന് അനുമതി ലഭിച്ചിട്ടുള്ളത്. ഒന്നര ലക്ഷം തീർത്ഥാടകരെയാണ് ഇത്തവണ ഹജ്ജിന് സൗദിയിൽ നിന്ന് തെരഞ്ഞെടുക്കുന്നത്.

അതേസമയം, ആഭ്യന്തര ഉംറയ്ക്ക് അനുമതി നൽകുന്നതിനുള്ള കാലാവധി അവസാനിച്ചുവെന്ന് സൗദി അറേബ്യ അറിയിച്ചിരുന്നു. ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ ഹജ്ജ് തീർത്ഥാടകർക്ക് മാത്രമായിരിക്കും ഉംറക്ക് അനുമതിയുണ്ടാകുക.

2022 ജൂൺ 23 മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന നടപടികൾ താത്കാലികമായി നിർത്തലാക്കുമെന്ന് നേരത്തെ സൗദി അറേബ്യ. അറിയിച്ചിരുന്നു. ഹജ്ജ് തീർത്ഥാടനം സുഗമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 26 ദിവസത്തേക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.